പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ അഴിമതിയെക്കുറിച്ച് കെ ബി ഗണേഷ്കുമാര്‍ തനിക്ക് നല്‍കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെയൊരു കത്തിനെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ഇങ്ങനെയൊരു കത്ത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ്. അത് അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കത്തായിരുന്നില്ലെന്നും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കത്തായിരുന്നു എന്നുമാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉന്നയിച്ച് ഈ വര്‍ഷം മെയ് 17നാണ് ഗണേഷ്കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എംഎല്‍എമാരുടെ കത്തുകളും ഫയലുകളും ഒളിച്ചുവയ്ക്കുന്ന ചിലര്‍ അവിടെയുണ്ടെന്നും അവരില്‍ ചിലര്‍ ധനമന്ത്രിയുടെ ഓഫിസിലെ ചിലരുമായി ഒത്തുകളിക്കുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും കത്തില്‍ ഗണേഷ് വ്യക്തമാക്കുന്നു. ഗതാഗത, ഭക്ഷ്യപൊതുവിതരണ വകുപ്പുകളുടെ പിടിപ്പ് കേടുകളും തുറന്നു പറയുന്നതായിരുന്നു ഗണേഷ് നല്‍കിയ കത്ത്.