പൊതുമരാമത്ത് മന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ച കെ ബി ഗണേഷ് കുമാറിനെ തള്ളി പിതാവും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപ്പിള്ള. നിയമസഭയില്‍ ഗണേഷ് നടത്തിയ ആരോപണത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി മര്യാദക്ക് വിരുദ്ധമാണ് ഗണേഷിന്‍റെ നടപടി. ഒരു മുന്നണിയുടെ ഭാഗമായിരിക്കെ ആ മുന്നണിയുടെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല. ഗണേശിനെ ഹൈജാക്ക് ചെയ്തവര്‍ അനുഭവിക്കട്ടെയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ഗുരുതരമായ നടപടിയാണ് ഗണേഷിന്‍റേത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ് ഗണേഷിനെ കൊണ്ടുനടന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും പിള്ള പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ പരസ്യമായി നിയമസഭയില്‍ പറയരുതെന്ന് ഗണേഷിനോട് പറഞ്ഞിരുന്നു. ഗണേഷിനെതിരെ നടപടിയെടുക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും. യു ഡി എഫ് ഉണ്ടാക്കിയത് താനും കൂടി ചേര്‍ന്നാണെങ്കിലും ഇപ്പോഴത്തെ സര്‍ക്കാരുമായി തനിക്കോ തന്‍റെ പാര്‍ട്ടിക്കോ ഒരു ബന്ധവുമില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍, മുന്‍ മന്ത്രികൂടിയായ ഗണേഷ് എന്തോ ആവശ്യത്തിന് ചെന്നിരുന്നു എന്നും അപ്പോള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും താന്‍ മാനസിലാക്കിയിട്ടുണ്ടെന്ന് പിള്ള പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കാണാനുള്ള യു ഡി എഫ് സംഘത്തില്‍ നിന്നും പിള്ളയെ ഒഴിവാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, രാഹുലിനെ കാണണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്നെങ്ങനെ ഒഴിവാക്കുമെന്നുമായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം.