ക്ഷണിച്ചതില്‍ വി എസിന് നന്ദി: കെ എം മാണി

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (12:38 IST)
PRO
PRO
തന്നെ മുന്നണിയിലേക്ക്‌ ക്ഷണിച്ചതിന്‌ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാ‍നന്ദന് നന്ദി പറയുന്നുവെന്ന് ധനമന്ത്രി കെ എം മാണി. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫിലേക്ക്‌ ഇല്ലെന്ന്‌ സൗമനസ്യത്തോടെ പറയുകയാണെന്നും മാണി വ്യക്തമാക്കി. മാണിയെ എല്‍ഡിഎഫിലേക്ക്‌ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന്‌ രാവിലെ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ്‌ വിടുന്നതിനെക്കുറിച്ച്‌ താന്‍ ആലോചിച്ചിട്ടുപോലുമില്ല. മുന്നണിബന്ധങ്ങള്‍ ശാശ്വതമല്ലെന്ന്‌ ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞത്‌ തികച്ചും സൈദ്ധാന്തികമായിട്ടാണ്‌. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധം. അതുകൊണ്ട് ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മാണി വ്യക്തമാക്കിയത്.