കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം താനും മകൻ ജോസ് കെ മാണിയും അറിഞ്ഞിട്ടില്ലെന്ന് കെ എം മാണി. കോട്ടയത്തെ തെരഞ്ഞെടുപ്പ് വിവാദമായതോടെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കരാർ ലംഘനം ആദ്യം നടത്തിയത് കോൺഗ്രസാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് മലർന്നുകിടന്ന് തുപ്പുകയാണെന്നും മാണി ആരോപിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സ്വയമെടുത്ത തീരുമാനമാണിത്. കോട്ടയം ജില്ലയിലെ കോൺഗ്രസ് ഘടകം കുറേനാളായി അവരെ കുത്തിനോവിക്കുകയാണ്. അതിൽ വേദനിച്ച അംഗങ്ങൾ ചേർന്നാണ് സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനമെടുത്തതെന്നും, അവരുടെ തീരുമാനത്തെ തള്ളിപ്പറയില്ലെന്നും മാണി വ്യക്തമാക്കി.
ഇടതു മുന്നണിയുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും സിപിഎമ്മിലേക്കു പോകാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മാണി വ്യക്തമാക്കി. അതേസമയം, കോട്ടയത്തേത് പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്ന് വ്യക്തമാക്കി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തി. ഇടതുമുന്നണിയിലേക്ക് ആളെ കൂട്ടാനുള്ള ദല്ലാൾ പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.