കോഴിക്കോട് സ്ഫോടനക്കേസ്: പ്രതികള്‍ പിടികിട്ടാപ്പുള്ളികള്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (14:48 IST)
PRO
കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസിലെ രണ്ടു പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. രണ്ടാം പ്രതി മുഹമ്മദ്‌ അസര്‍, എട്ടാംപ്രതി പി പി യൂസഫ്‌ എന്നിവരെയാണു പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചത്‌.

കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇവരുടെ സ്വത്ത്‌ കണ്ടുകെട്ടാനും ഇവര്‍ക്കെതിരെ പരസ്യ നോട്ടീസ്‌ പുറപ്പെടുവിക്കാനും കോടതി ഉത്തരവിട്ടു. കേസ്‌ അന്വേഷിക്കുന്ന എന്‍ ഐ എ യുടെ അപേക്ഷ പരിഗണിച്ചാണ്‌ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കിയത്.

അസറിനും യൂസഫിനും എന്‍ ഐ എ ആദ്യം സമന്‍സും പിന്നീട് വാറണ്ടും അയച്ചിരുന്നെങ്കിലും ഇത് കൈപറ്റിയിരുന്നില്ല. ഇതേക്കുറിച്ച് പ്രതികരണവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ ഐ എ കോടതിയെ സമീപിച്ചത്.

അസറും യൂസഫും നിലവില്‍ വിദേശത്താണ്. ഇവരെ പിടികൂടാന്‍ ഇതുവരെ എന്‍ ഐ എ യ്ക്ക് കഴിഞ്ഞിട്ടില്ല.