കോണ്‍ഗ്രസ് വഴിയമ്പലമല്ല: ഹസന്‍

Webdunia
വ്യാഴം, 30 ജൂലൈ 2009 (14:27 IST)
PRO
PRO
ആര്‍ക്കും കേറിവരാവുന്ന വഴിയമ്പലമല്ല കോണ്‍ഗ്രസെന്ന് കെ പി സി സി വക്താവ് എം എം ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരനെ കോണ്‍ഗ്രസിലെടുക്കുന്ന കാര്യം കെ പി സി സിയുടെ പരിഗണനയിലില്ല. മുരളീധരന്‍ ഇപ്പോള്‍ ചെയ്യുന്നത്‌ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണിയാണ്‌. വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞിട്ട് മുരളീധരന് കയറി വരാന്‍ പറ്റിയ ഇടമല്ല കോണ്‍ഗ്രസെന്നും ഹസന്‍ പറഞ്ഞു.

ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന, എന്‍ സി പി സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകാമെന്നും അദ്ധ്യക്ഷ സ്ഥാനം ആര്‍ക്കു വേണ്ടിയും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇതിനു മറുപടിയായിട്ടാണ് ഹസന്‍ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനു മുന്നോടിയായിട്ടാണ് മുരളി സ്ഥാനത്യാഗത്തിന് ഒരുങ്ങുന്നതെന്നാണ് സൂചന.