കോട്ടയത്ത് മാലിന്യ സംസ്‌കരണം: 18.95 കോടി രൂപയുടെ അനുമതി

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2014 (16:13 IST)
PRO
PRO
കോട്ടയം നഗരപരിധിക്കുളളില്‍ മാലിന്യ സംസ്‌കരണത്തിന് കോട്ടയം നഗരസഭ സമര്‍പ്പിച്ച വിപുലമായ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെറുകിട പട്ടണങ്ങളുടെ വികസനത്തിനായുള്ള യുഐഡി എസ്എസ്എംടി പദ്ധതിയില്‍പ്പെടുത്തി 18.95 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആകെ തുകയില്‍ 80ശതമാനം കേന്ദ്രം വഹിക്കും. 10 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 10 ശതമാനം മുനിസിപ്പാലിറ്റിയും വഹിക്കണം. ബോധവത്കരണം ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഓടകള്‍ വൃത്തിയാക്കുന്നതിന് അമ്പതുലക്ഷം രൂപവില വരുന്ന രണ്ടു ഡ്രെയിനേജ് ക്ലീനര്‍ ലഭ്യമാകും.

ജെസിബി, മിനി ടിപ്പര്‍ തുടങ്ങി ട്രാന്‍സ്‌പോര്‍ട്ടേഷനായുള്ള പ്രവര്‍ത്തനങ്ങള്‍, സംഭരിച്ച മാലിന്യങ്ങളിലെ ജലാംശം ഒഴിവാക്കി വെയ്സ്റ്റ് കംപ്രസു ചെയ്ത് അളവു കുറക്കുന്നതിനുള്ള 40ലക്ഷം രൂപ വിലവരുന്ന കോംപാക്ടര്‍ വെഹിക്കിള്‍ എന്നിവയും ലഭിച്ചു.
വടവാതൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്. നിലവിലുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് രണ്ടരക്കോടി രൂപയോളം വകയിരുത്തി. ഇതിനു ചുറ്റുപാടും 900 മീറ്ററോളം ഓടയും നിര്‍മ്മിക്കും.

ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഏഴുകോടിരൂപയുടെ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് നാലായിരം വീടുകള്‍ക്ക് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കും. നിലവില്‍ 2,300ലേറെ പ്ലാന്റുകളുടെ നിര്‍മ്മാണം നടക്കുന്നതു കൂടാതെയാണിത്. 23,000 വീടുകള്‍ക്ക് പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്‍ പദ്ധതിയില്‍പ്പെടുത്തി നിലവില്‍ നല്‍കുന്ന പൈപ്പുകമ്പോസ്റ്റു യൂണിറ്റുകള്‍ക്കു പുറമേയാണിത്. രണ്ടായിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും ഇതോടനുബന്ധിച്ച് സ്ഥാപിക്കും.