കോട്ടയം മെഡി.കോളജില്‍ മെഡി.കൌണ്‍സില്‍ പരിശോധന

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2010 (12:09 IST)
PRD
കോട്ടയം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന ആരംഭിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് പരിശോധന നടക്കുന്നത്. കോളജില്‍ അധികമായി അനുവദിച്ച 50 എം ബി ബി എസ്‌ സീറ്റുകള്‍ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ പ്രധാനമായും പരിശോധിക്കുക.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള 324 തസ്തികകളില്‍ 95 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കാരണത്താല്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അധ്യാപകരെ താല്ക്കാലികമായി സ്ഥലം മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധനയോട് അനുബന്ധിച്ച് ഇവരും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജിലെ പരിശോധനയ്ക്കു ശേഷം തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനുവദിക്കപ്പെട്ട 312 തസ്തികകളില്‍ 119 ഉം തൃശൂരില്‍ 364 ല്‍ 102ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌.