കൊലപാതകങ്ങളെക്കുറിച്ച് അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടില്ല: പിണറായി

Webdunia
ബുധന്‍, 29 ജനുവരി 2014 (14:40 IST)
PRO
PRO
കൊലപാതകം നടത്താന്‍ ബംഗാളികളെ മാതൃകയാക്കണമെന്ന് താന്‍ പറഞ്ഞുവെന്ന അബ്ദുല്ലക്കുട്ടി എംഎല്‍എയുടെ ആരോപണത്തിനു മറുപടിയുമായി സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അബ്ദുല്ലക്കുട്ടിയുടെ പേരെടുത്തു പറയാതെയും വെളിപ്പെടുത്തലിലെ കാര്യങ്ങള്‍ പരാമര്‍ശിക്കാതെയുമായി പിണറായി മറുപടി നല്‍കിയത്.

ഏതോ ഒരു സ്ഥലത്തെ കൊലപാതകങ്ങളെപ്പറ്റി താന്‍ എന്തോ പറഞ്ഞതായി ഒരാള്‍ പറഞ്ഞതായി കേട്ടു. സംഘര്‍ഷങ്ങളൊന്നും കാണാത്ത ഒരാളല്ലല്ലോ താന്‍. ഏതെങ്കിലും ഒരു പ്രദേശത്തെ കാര്യങ്ങള്‍ വച്ച് ഇവിടത്തെ കാര്യങ്ങള്‍ വിലയിരുത്തേണ്ട അവസ്ഥ വന്നിട്ടില്ല. ഇവിടത്തെ കാര്യങ്ങള്‍ ഇവിടത്തെ പ്രസ്ഥാനത്തിന്റെ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയും. അത്തരം സംഭവങ്ങള്‍ പലതും ഇവിടെ ഉണ്ടായിട്ടുണ്ടല്ലോ. ഏതായാലും ഇക്കാര്യം പറഞ്ഞയാള്‍ ഒരു ഘട്ടത്തിലും അതിന്റെ ഭാഗമാകേണ്ടി വന്നിട്ടുളള ആളുമല്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും അദ്ദേഹത്തോടു പറയേണ്ട അവസ്ഥയും തനിക്കു വന്നിട്ടില്ല എന്നു പിണറായി പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ളബില്‍ ദേശാഭിമാനി എംപ്ളോയീസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ രാജീവന്‍ കാവുമ്പായി സ്മാരക അവാര്‍ഡ് വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പിണറായി 'ബംഗാള്‍ മോഡല്‍ കൊലപാതകം' ശുപാര്‍ശ ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നത്. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞതെന്നും ലേഖനത്തിലുണ്ട്. തനിക്കുണ്ടായ മറക്കാനാവാത്ത ഒരു ഉള്‍പ്പാര്‍ട്ടി അനുഭവം എന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി കുറിക്കുന്നത് ഇങ്ങനെ- കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപിക്കാരുടെ തലയറുത്തു മാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫ്ളക്സുകള്‍ ബിജെപി എംപിമാര്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇടത് എംപിമാര്‍ക്കു തലതാഴ്ത്തി ഇരിക്കേണ്ടി വന്നുവെന്നു പി സതീദേവി യോഗത്തില്‍ പിണറായിയോട് പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണം എന്നും പറഞ്ഞു. ഇതിന് പിണറായി നല്‍കിയ മറുപടി ഇങ്ങനെ: നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല. ഗൌരവത്തോടെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതുകേട്ട് താന്‍ ഞെട്ടിയെന്നും നാവു വരണ്ടു പോയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷേ ജയരാജന്‍ സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണു കണ്ടതെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.