വിവാദമായ കൊക്കെയ്‌ന്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ മോഡല്‍ രേഷ്‌മ രംഗസ്വാമിയെയും സഹസംവിധായിക ബ്ലസിയെയും കൂടുതല്‍ തെളിവെടുപ്പിനായി ഗോവയില്‍ എത്തിക്കും. കൊക്കെയ്‌ന്‍ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, സഹസംവിധായിക ബ്ലസിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ചില വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു.
നിസാമിനെ പരിചയമുണ്ടെന്നു പറഞ്ഞ ബ്ലസി എന്നാല്‍ , നിസാമിന്റെ കൊച്ചിയിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പറഞ്ഞു. നിസാമിനെ പരിചയപ്പെട്ടത് ഒരു നിര്‍മ്മാതാവിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ വെച്ചാണെന്നും പാര്‍ട്ടികള്‍ നടത്താന്‍ മാത്രമാണ് ഫ്ലാറ്റ് ഉപയോഗിച്ചതെന്നും ബ്ലസി പറഞ്ഞു. മയക്കുമരുന്ന് കേസില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന നിര്‍മ്മാതാവിന്റെ പേരാണ് ബ്ലസി പറഞ്ഞത്.
അതേസമയം, ഗോവയില്‍ മയക്കുമരുന്ന് നല്കിയ ഫ്രാങ്കോ സുഹൃത്തല്ലെന്നും ബ്ലസി പറഞ്ഞു. ഫ്രാങ്കോ ഗോവയിലെ മയക്കുമരുന്ന് വില്പനക്കാരന്‍ മാത്രമാണെന്നും ബ്ലസി വ്യക്തമാക്കി.