കൈവെട്ട് കേസില്‍ വിധി ഈ മാസം 30ന് പ്രഖ്യാപിക്കും

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (08:56 IST)
സംസ്ഥാനത്തെ ഞെട്ടിച്ച കൈവെട്ട് കേസില്‍ വിധി ഈ മാസം 30ന് പ്രഖ്യാപിക്കും. നേരത്തെ, ഏപ്രില്‍ 23ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, 30ന് ആയിരിക്കും വിധി പ്രഖ്യാപിക്കുക എന്ന് എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി ബുധനാഴ്ച അറിയിച്ചു.
 
തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ  ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ വിധിപ്രഖ്യാപനമാണ് മാറ്റിവെച്ചത്. 2010 ജൂലൈ നാലിന് രാവിലെ 08.05 ഓടെയായിരുന്നു, ഭാര്യയോടും സഹോദരിയോടും ഒപ്പം പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രഫ ടി ജെ  ജോസഫ് ആക്രമിക്കപ്പെട്ടത്.
 
ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമായിരുന്നു ആക്രമിച്ചത്. പ്രഫസറുടെ വാഹനത്തിന് മാര്‍ഗതടസ്സം സൃഷ്‌ടിച്ച് നിര്‍ത്തിയ ഒമ്നി വാനില്‍ നിന്ന് മഴു, വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗസംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണ് കേസ്.
 
ഗൂഢാലോചന, അനധികൃതമായി സംഘംചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് പ്രതികള്‍ക്കു മേല്‍ എന്‍ ഐ എ കോടതി ചുമത്തിയിരിക്കുന്നത്.