കൈവെട്ട് കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (16:25 IST)
തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ എന്‍ ഐ എ. വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെയാണ് എന്‍ ഐ എ സമീപിച്ചിരിക്കുന്നത്. ശിക്ഷാവിധി കുറഞ്ഞു പോയതും ആറുപേരെ വെറുതെ വിട്ടതും പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
 
അന്തിമവിധിയില്‍, കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആറുപ്രതികളും ശിക്ഷിക്കപ്പെട്ട 13 പ്രതികളുമടക്കം 19 പ്രതികളുടെ കാര്യത്തിലാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വെറുതെ വിട്ട ആറുപേര്‍ക്കും ശിക്ഷ നല്കണമെന്ന് എന്‍ ഐ എ അപ്പീലില്‍ ആവശ്യപ്പെടുന്നു.
 
കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികള്‍ക്ക് എതിരെയുള്ള ശിക്ഷാവിധി കുറഞ്ഞു പോയെന്നും അപ്പീലില്‍ എന്‍ ഐ എ വ്യക്തമാക്കുന്നു. കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് രണ്ടു കൊല്ലമായിരുന്നു  തടവ് നല്കിയിരുന്നത്. എന്നാല്‍, കേസിലെ പ്രതികളെ ഒളിപ്പിച്ചവരെ തീവ്രവാദികളെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തി 10 വര്‍ഷം തടവുശിക്ഷ നല്കണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെടുന്നത്.
 
സ്ഫോടകവസ്തു കൈവശം വെച്ചവര്‍ക്ക് രണ്ടു വര്‍ഷം തടവാണ് നല്കിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ഈ കുറ്റത്തിന് പത്തുവര്‍ഷം തടവാണ് ശിക്ഷയെന്നും എന്‍ ഐ എ അപ്പീലില്‍ വ്യക്തമാക്കുന്നു.
 
രാജ്യത്തെ പ്രധാന തീവ്രവാദ കേസുകളില്‍ ഒന്നായി ഇത് പരിഗണിക്കണമെന്നും എന്‍ ഐ എ ആവശ്യപ്പെടുന്നുണ്ട്. ഇത് ആദ്യമായാണ് എന്‍ ഐ എ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുന്നത്.