'കേസുമായി ദിലീപിന്റെ ആദ്യ വിവാഹത്തിനു അല്ലെങ്കില്‍ അയാള്‍ ഏറ്റവും ആദ്യമിട്ട ജെട്ടിക്ക് അഥവാ കോണകത്തിനു എങ്കിലും ബന്ധം വേണം' - വൈറലാകുന്ന വാക്കുകള്‍

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (13:29 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും ഉയരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് യാതോരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് പുറത്തുവിടുന്നതെന്നും ആരോപണങ്ങളുണ്ട്. ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ സംശയം ബലപ്പെടുകയാണ്.
 
ഈ വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരിക്കുകയാണ്. കേസുമായി ദിലീപിന്റെ ആദ്യ വിവാഹത്തിനു അല്ലെങ്കില്‍ അയാള്‍ ഏറ്റവും ആദ്യമിട്ട ജെട്ടിക്ക് അഥവാ കോണകത്തിനു എങ്കിലും ബന്ധം വേണമെന്ന് അദ്ദേഹം പറയുന്നു.
 
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍:
 
ഇതാ കണ്ടുപിടിച്ചിരിക്കുന്നൂ... ദിലീപിന് മഞ്ജുവിനേക്കാൾ മുന്നൊരു ഭാര്യയുണ്ട്.. രേഖകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആലുവ സബ് രജിസ്ട്രാർ ആപ്പീസിനുള്ളിൽ ആഴത്തിൽ കുഴിച്ചാണ് കണ്ടെത്തിയത്. നാസയുടെ ബഹിരാകാശ പേടകം എടുത്ത് നൽകിയ ത്രിമാന ചിത്രത്തിൽ നിന്നുമാണ് ആദ്യവിവാഹത്തിന്റ രേഖകൾ തെളിഞ്ഞു വന്നത്. പിന്നീട് കേരളപോലീസിലെ സദാചാര വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യന്ത്രണങ്ങളുപയോഗിച് വിവാഹ രജിസ്റ്റർ കണ്ടെത്തിയത്.
മനോരമയുടെ സീനിയർ സദാചാര എഡിറ്ററും സ്ഥലത്തുണ്ടായിരുന്നൂ. ഇതിനുമുൻപ് സമാനമായ രീതിയിൽ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന സ്ഥാപനത്തിന്റെ സാറ്റലൈറ്റ് ചിത്രവും കുമരകത്തെ സ്ഥലത്തിന്റെ ചിത്രവും നാസ പകർത്തി കേരള പൊലീസിന് കൈമാറിയിരുന്നു.
 
സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം. എന്തായാലും വാർത്തയുടെ ചീഫ് എഡിറ്റർ മലയാളികളുടെ സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട സൈക്കോളജിയും ഞരമ്പോളജിയും മാത്തമാറ്റിക്സുമറിയുന്ന ഒരു മികച്ച ബിസിനസ് മാർക്കേറ്റർ ആണെന്നത് പറയാതെ വയ്യ. ഞാനും നിങ്ങളുമടങ്ങുന്ന നാം നമ്മെ തന്നെ ഒരുതരം സരോജ്‌കുമാർ സ്റ്റൈലിൽ വിളിക്കുന്ന പ്രബുദ്ധർ എന്ന വാക്കിനു യഥാർത്ഥത്തിൽ ഞരമ്പർ എന്നാണ്‌ പര്യായം എന്നത് ഇത്തരം വാർത്തകൾ സൃഷ്ട്ടിച്ച ഓളങ്ങളിൽ നിന്നും പകൽ പോലെ വ്യക്തമാണ്. അത്തരം ഒരു കപട സദാചാര മാനസികാവസ്ഥ മുതലെടുത്താണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനാധിപത്യത്തിന്റെ നാലാം തൂണിൽ ഇക്കിളി മാർക്കെറ്റിംഗിന്റെ പുത്തൻ ആണികൾ അടിച്ചു കേറ്റുന്നത്.
 
ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചാൽ , വിവാഹമോചനം നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം. തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം.
മറ്റുള്ളവരുടെ കുറ്റവും കുറ്റവും ആത്മരതിക്കുള്ള ഉപാധിയായി മാറ്റുന്ന സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു.
 
ഈ വാർത്ത സംസാരിക്കുന്നതു അത് തന്നെയാണ്. ദിലീപോ കോവാലകൃഷ്ണനോ കാവ്യയോ വക്കീലോ ആരുമാകട്ടെ അവർക്കിഷ്ടമുള്ളവരെ നിയമപരമായി വിവാഹം ചെയ്യാനോ ഡിവോഴ്സ് ചെയ്യാനോ ലിവിങ് ടുഗെതർ നടത്താനോ ശാരീരിക ബന്ധത്തിലേർപ്പെടാനോ ഈ രാജ്യത്ത് നിയമപരമായി അവകാശമുണ്ട് അത് 
ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ? അതല്ല എങ്കിൽ, ഇപ്പോഴുള്ള കേസുമായി ദിലീപിന്റെ ആദ്യ വിവാഹത്തിനു അല്ലെങ്കിൽ അയാൾ ഏറ്റവും ആദ്യമിട്ട ജെട്ടിക്ക് അഥവാ കോണകത്തിനു എങ്കിലും ബന്ധം വേണം.
 
ഇനി ദിലീപ് മഞ്ജുവിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നുതന്നെ വയ്ക്കുക , വിവാഹം കഴിക്കുന്നതിനും, ഡിവോഴ്സ് ആകുന്നതിനും, പുനർവിവാഹത്തിനും, ഇനി വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം.
 
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്.. അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്. ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്..
Next Article