മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വാഹനങ്ങള്‍ക്കും മാത്രം വയ്ക്കാവുന്നതായ 'കേരള സര്‍ക്കാര്‍" എന്ന ബോര്‍ഡ് വച്ച സ്വകാര്യ സംഘടനയുടെ കാര്‍ ഉടമയ്ക്ക് പിഴ ശിക്ഷ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.ബി.കോശിയാണ് സ്വകാര്യ സംഘടനയുടെ കാറിനു പിഴയിട്ടത്.
കടയ്ക്കാവൂര്‍ സ്വദേശി വിക്രമന്‍ എന്നയാളുടെ കെ.എല്‍ 16 കെ 1992 എന്ന കാറില്‍ കേരള സര്‍ക്കാര്‍ എന്ന് വലിയ അക്ഷരത്തിലും മനുഷ്യാവകാശ സംഘടന എന്ന് ചെറിയ അക്ഷരത്തിലും എഴുതിയ ബോര്‍ഡ് വച്ചിരുന്നു. പെട്ടന്നു നോക്കുമ്പോള്‍ കേരള സര്‍ക്കാര്‍ വാഹനമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.
വാഹനത്തില്‍ മേലില്‍ ഇത്തരം ബോര്‍ഡ് വയ്ക്കാനോ അതു മറയ്ക്കാനോ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വാഹനം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കൌണ്‍സില്‍ എന്ന സംഘടനയുടേതാണ്. കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ആര്‍.ടി.ഒ കാര്‍ ഉടമയ്ക്ക് 300 രൂപ പിഴവിധിക്കുകയും ബോര്‍ഡ് ഇളക്കി മാറ്റുകയും ചെയ്തു.
മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വാഹനങ്ങള്‍ക്കും മാത്രമേ ഈ ബോര്‍ഡ് വയ്ക്കാന്‍ പാടുള്ളൂ എന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പോലും ഈ ബോര്‍ഡ് വയ്ക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.