നിയമത്തെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളജില്‍ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെ കുറ്റാന്വേഷണ ചുമതല ഏല്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ശ്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുന്നത് നീതിയെയും നീതിവ്യവസ്ഥയെയും അട്ടിമറിക്കലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കില്ല എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി നീതി നടപ്പാക്കണം. ആരുടെയും പക്ഷം ചേര്‍ന്നു പോകുന്നത് ആശാസ്യമല്ല. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടുപോകുന്ന ഉദ്യോഗസ്ഥര്‍ക്ക് നീതിയുടെ നൂല്‍പ്പാലത്തിലൂടെ നിയമം നടപ്പാക്കാന്‍ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരള പൊലീസില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സേനയെ നവീകരിക്കുന്നതിനൊപ്പം ശക്തവും സുസ്സജ്ജവുമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഇതിന്റെ ഭാഗമായാണ് കേസ് അന്വേഷണത്തില്‍ വനിതകളെക്കൂടി ഉള്‍പ്പെടുത്തുന്നത് വനിതാ എസ്ഐമാരോ, എസ്ഐമാരോ നിര്‍വ്വഹിക്കുന്ന അന്വേഷണ ജോലികള്‍ ഇനിമുതല്‍ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഇതിനായി നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കും.
പൊലീസിനെക്കുറിച്ചുള്ള സങ്കല്പം മാറേണ്ടതുണ്ട്. നിലവില്‍ അന്വേഷണ സംഘങ്ങളില്‍ വനിതാ പൊലീസ് സാന്നിധ്യം വളരെ കുറവാണ്. വനിതാ പൊലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ട്. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ചുള്ള നിയമം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ മുന്നിലാണ്. ആവശ്യമായ ചര്‍ച്ചകള്‍ ചെയ്ത് ഇത് നിയമമാക്കും. ഈ സാഹചര്യത്തില്‍ വനിതാ ഇന്‍വെസ്റിഗേഷന്‍ ടീമിനെ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് നിയോഗിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പരിശീലനം നേടി ചുമതലയേറ്റെടുക്കുന്ന 111 വനിതാ പൊലീസ് ഉദ്യോഗസ്ഥരിലൂടെ നടപ്പാവുകയാണെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായിരുന്നു.