കേരളം പിന്നിലെന്ന് ധനകാര്യ കമ്മീഷന്‍

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2009 (12:57 IST)
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാമ്പത്തിക അച്ചടക്കത്തിന്‍റെ കാര്യത്തില്‍ കേരളം പിന്നിലാണെന്ന്‌ പതിമൂന്നാം ധനകാര്യ കമ്മീഷന്‍. വരുന്ന അഞ്ചു വര്‍ഷത്തേയ്‌ക്കുള്ള സംസ്ഥാനത്തിന്‍റെ പദ്ധതിയേതര ചെലവുകള്‍ക്കുള്ള തുക സംബന്ധിച്ച്‌ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് വിജയ്‌ കേല്‍ക്കര്‍ അധ്യക്ഷനായ ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

കേരളത്തിന്‍റെ വളര്‍ച്ചാനിരക്ക്‌ ദേശീയ ശരാശരിയില്‍ കുറവാണ്. സംസ്‌ഥാനത്തിന്‍റെ മൂലധനച്ചെലവും വികസനച്ചെലവും കുറയുന്നു. എന്നാല്‍ റവന്യു ചെലവ്‌ കുതിച്ചുയരുകയാണ്‌. നികുതി ഇതര വരുമാനവും കേരളത്തില്‍ കുറഞ്ഞ്‌ വരുന്നു.

സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ നല്ലൊരു ശതമാനവും പെന്‍ഷനു വേണ്ടി ചെലവഴിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണം - കമ്മീഷന്‍ നിര്‍ദേശിച്ചു.

കേന്ദ്ര നികുതിയുടെ അമ്പത് ശതമാനം സംസ്ഥാനങ്ങള്‍ക്ക്‌ വിതരണം ചെയ്യണമെന്ന്‌ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കേരളത്തിനുള്ള നികുതി വിഹിതം കുറഞ്ഞത്‌ മൂന്ന്‌ ശതമാനമാക്കണം. ഐ ടി, കൃഷി എന്നിവയുടെ വികസനത്തിനുള്‍പ്പടെ 32809 കോടി രൂപയുടെ സംസ്ഥാന നിര്‍ദ്ദേശം കമ്മീഷന്‍ പരിഗണിക്കണം. ഇടുക്കി, കുട്ടനാട്‌ പാക്കേജുകള്‍ക്ക്‌ പ്രത്യേക ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.