കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ കാരാട്ട് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും

Webdunia
ബുധന്‍, 15 മെയ് 2013 (10:17 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയ നടപടി അംഗീകരിച്ചതടക്കമുള്ള കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടു ചെയ്യും.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ച കാര്യവും പ്രകാശ് കാരാട്ട് അറിയിക്കും. സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഎസ് അച്യുതാനന്ദനും പങ്കെടുക്കുന്നുണ്ട്. ഒന്നാം ദിവസത്തെ ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നയരേഖയെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നത്.

വിഎസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍,പേഴ്‌സണല്‍ അസിസ്റ്റന്റ് എസുരേഷ് എന്നിവരെ പുറത്താക്കിയ സിപിഎംസംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രകമ്മിറ്റി തീരുമാനമാണ് ജനറല്‍ സെക്രട്ടറി ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇതോടൊപ്പം ദേശാഭിമാനി ഡപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന എസ്പി ശ്രീധരനെ പുറത്താക്കിയത് അംഗീകരിച്ച കാര്യവും കാരാട്ട് അറിയിക്കും.

ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വരദരാജനെതിരേ വ്യാജപരാതി നല്‍കിയതിനാണ് ശ്രീധരനെ പുറത്താക്കിയത്. സംസ്ഥാനത്തെ പാര്‍ട്ടി വിഭാഗീയതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കാന്‍ പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ച കാര്യവും സെക്രട്ടേറിയറ്റിനെ അറിയിക്കും

തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നയരേഖയിലുണ്ട്. നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച ഇന്നു പൂര്‍ത്തിയാകും. യോഗത്തില്‍ പങ്കെടുക്കാന്‍ പ്രകാശ് കാരാട്ട് ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരത്തെത്തിയത്. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റിയോഗം നാളെ ആരംഭിക്കും