കെ സുധാകരന് കോടതി വിമര്‍ശനം

Webdunia
ശനി, 25 ഓഗസ്റ്റ് 2012 (15:06 IST)
PRO
PRO
കെ സുധാകരന്‍ എം പിക്ക് കോടതിയുടെ വിമര്‍ശനം. സുധാകരന്റെ വിവാദ പ്രസംഗം സംബന്ധിച്ച് കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സുധാകരന്‍ അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ ഇ ബൈജുവിനാണ് നോട്ടീസ്‌ അയച്ചത്. രണ്ടാം തവണയും അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കാഞ്ഞതിനെ തുടര്‍ന്നാണ്‌ നടപടി. കേസ്‌ പരിഗണിച്ച ഇന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ ഹാജരായില്ല.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ അട്ടിമറിക്കാന്‍ സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ പിന്നീട് പ്രത്യേകദൂതനെ അയച്ച് വീണ്ടുമൊരു 15ലക്ഷം കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.