കെജിഎംസിടിഎ കേന്ദ്ര എക്സിക്യുട്ടീവ് ഇന്ന്

Webdunia
ഞായര്‍, 21 ഫെബ്രുവരി 2010 (09:35 IST)
സ്വകാര്യ പ്രാക്ടീസ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ ജി എം സി ടി എ കേന്ദ്ര എക്സിക്യുട്ടീവ് യോഗം ഇന്നു കൊച്ചിയില്‍ ചേരുന്നു. ഇന്നലെ ചേര്‍ന്ന കെ ജി എം സി ടി എ സംസ്ഥാ‍ന ജനറല്‍ ബോഡി യോഗത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും സ്വകാര്യ പ്രാക്ടീസുമായി മുന്നോട്ടു പോകുമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു.

ഇതിന്‍റെ തുടര്‍ തീരുമാനങ്ങളായിരിക്കും ഇന്നു ചേരുന്ന കേന്ദ്ര എക്സിക്യുട്ടീവില്‍ ഉണ്ടാകുക. വീട്ടിലെത്തുന്ന രോഗികള്‍ക്ക്‌ ചികിത്സ നിഷേധിയ്ക്കുന്നത്‌ ഡോക്ടര്‍മാര്‍ക്കു ചേര്‍ന്ന നടപടിയല്ലെന്നായിരുന്നു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നിലപാട്.

അതേസമയം, സ്വകാര്യ പ്രാക്ടിസ്‌ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വീട്ടില്‍ ചികില്‍സിച്ചാലും കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജ്‌ അധ്യാപകരും സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായിട്ടാണ് ഇന്ന് കൊച്ചിയില്‍ സംഘടനയുടെ കേന്ദ്ര എക്സിക്യൂട്ടിവ്‌ യോഗം ചേരുന്നത്.