അമ്പലമുക്കിനു സമീപം എന്‍ സി സി റോഡില്‍ പിഞ്ചുകുഞ്ഞടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മലയിന്‍കീഴ് വില്ലേജ് ഓഫിസിനു സമീപം താമസിക്കുന്ന ബാലകൃഷ്ണപിള്ളയുടെ മകന്‍ സുനില്‍കുമാര്‍ (36) ആണ് റിമാന്‍ഡിലായത്. മരിച്ച വിജേഷ് പെയിന്റിംഗ് വര്‍ക്കുകള്‍ ചെയ്തുവന്ന വീടിന്റെ ഉടമയാണ് ഇയാള്‍.
സുനില്‍കുമാറിന്റെ വീടിന്റെ പെയിന്റിങ് ചെയ്തുകൊടുക്കാത്തതും ഇതിന്റെ പേരിലുണ്ടായ ഭീഷണിയും പണം തിരികെക്കൊടുക്കാന്‍ കഴിയാത്തതുമാണ് ആത്മഹത്യക്കു കാരണമെന്ന് പൊലിസ് പറഞ്ഞു. സുനിലിനെ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്.
സുനിലിന്റെ പക്കല്‍നിന്ന് വിജേഷ് 2, 42,000 രൂപ പണിയുടെ അഡ്വാന്‍സായി വാങ്ങിയിരുന്നു. ഇത് തിരികെക്കൊടുക്കാന്‍ കഴിയാത്തതും നിരന്തരമുള്ള മാനസിക സമ്മര്‍ദ്ദവുമാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കു വഴിതെളിച്ചത്. അതേസമയം സുനിലിലെക്കൂടാതെ മറ്റുനാലുപേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിജേഷിന്റെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. ഇവരുടെ മക്കളായ ദേവിക, ദേവനന്ദന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അശ്വതിയുടെ വീടിനുസമീപവും സംസ്കരിച്ചു.