കൂട്ടമരണം: രാധാകൃഷ്ണന്‍ സംസ്ഥാനം വിട്ടു

Webdunia
തിങ്കള്‍, 31 ജനുവരി 2011 (10:36 IST)
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ആരോപണവിധേയനായ കരാറുകാരന്‍ രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍ സംസ്ഥാനം വിട്ടു. മലബാര്‍ സിമന്റ്സ്‌ അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയാണ് മരണപ്പെട്ട മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്‍.

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണക്കേസില്‍ ആരോപണ വിധേയനായ കരാറുകാരന്‍ വി എം രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണനെ സി പി എം ഔ‍ദ്യോഗിക നേതൃത്വം കൈയൊഴിഞ്ഞു. കൂട്ടമരണം ആത്മഹത്യയെന്ന്‌ പൊലീസ്‌ കണ്ടെത്തിയാല്‍ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാനിടയുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാള്‍ സംസ്ഥാനം വിടുകയായിരുന്നു.

അതിനിടെ രാധാകൃഷ്ണന്റെ പാസ്പോര്‍ട്ട്‌ കണ്ടുകെട്ടാന്‍ മുഖ്യമന്ത്രിയുടെ ഓ‍ഫിസ്‌ സാധ്യത തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച പൊലീസ്‌ അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്‌. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൂട്ടമരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ്‌ പൊലീസ്‌ ഇപ്പോള്‍.

അതേസമയം, ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ചു സിബിഐ അന്വേഷണം വേണമെന്നു കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ പി സി ജോര്‍ജ്‌ എംഎല്‍എ മുഖ്യ രക്ഷാധികാരിയായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.