കൂടുതല്‍ പേര്‍ എല്‍ഡിഎഫ് വിടും: കുഞ്ഞാലിക്കുട്ടി

Webdunia
തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (18:28 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു കഴിയുന്നതോടു കൂടി കൂടുതല്‍ പേര്‍ എല്‍ ഡി എഫ് വിടുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയില്‍ നിന്നുളള പാര്‍ട്ടികളുടെ ഒഴുക്ക്‌ ഇനിയും തുടരും. എല്‍ ഡി എഫില്‍ ഉള്ള ചില ഘടകകക്ഷികള്‍ കൂടി മുന്നണി വിടാനുളള ആഗ്രഹത്തിലാണ്‌. യു ഡി എഫ്‌ പ്രോല്‍സാഹിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ മുന്നണി വിട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇടതുമുന്നണി വിട്ടു വരുന്നവരെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഗുണദോഷവശങ്ങളും മുന്‍നിലപാടുകളും നോക്കിയായിരിക്കും യുഡിഎഫ്‌ തീരുമാനമെടുക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.