തൃശൂര്‍ കോര്‍പ്പറേഷനും കെഎസ്‌ആര്‍ടിസിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലെ കുപ്പിക്കഴുത്ത് പൊളിക്കുന്നത് സ്തംഭിച്ചു. കെഎസ്‌ആര്‍ടിസി വിട്ടുകൊടുത്ത സ്ഥലത്തിനപ്പുറം അതിക്രമിച്ചുകയറി കോര്‍പ്പറേഷന്‍ പൊളിച്ചുവെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ ആക്ഷേപം. ഇതേതുടര്‍ന്ന് കോര്‍പ്പറേഷന്റെ പൊളിക്കല്‍ ഞായറാഴ്ച കെഎസ്‌ആര്‍ടിസി തടഞ്ഞു. വീണ്ടും അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പൊളിക്കല്‍ തുടര്‍ന്നാല്‍ മതിയെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ നിലപാട്.
കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള റോഡിലെ കുപ്പിക്കഴുത്ത് നീണ്ട ഗതാഗതകുരുക്കിനാണ് ഇടയാക്കുന്നത്. ഇതിന് പരിഹാരമായാണ് കെഎഎസ്‌ആര്‍ടിസിയുടെ ഒമ്പത് സെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. പകരം കോര്‍പ്പറേഷന്‍ ശക്തന്‍സ്റ്റാന്‍ഡില്‍ 25 സെന്റ് സ്ഥലം കെഎസ്‌ആര്‍ടിസിക്ക് വിട്ടുകൊടുത്തു. കഴിഞ്ഞമാസം 22നാണ് ജെസിബി ഉപയോഗിച്ച് കോര്‍പ്പറേഷന്‍ കുപ്പിക്കഴുത്ത് പൊളിക്കല്‍ തുടങ്ങിയത്. എന്നാല്‍ ഒമ്പതുസെന്റും കഴിഞ്ഞ് അതിക്രമിച്ചുകയറി കോര്‍പ്പറേഷന്‍ പൊളിച്ചുവെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആക്ഷേപം.
ഒമ്പതുസെന്റിനപ്പുറം പൊളിച്ചതായി മേയറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായും കെഎസ്‌ആര്‍ടിസി സോണല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക പറഞ്ഞു. പൊളിച്ചസ്ഥലത്ത് വീണ്ടും അളന്ന് തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു. കെഎസ്‌ആര്‍ടിസി സര്‍വേ വിഭാഗവും 22 ന് സ്ഥലം അളന്നുതിട്ടപ്പെടുത്തും. ഇതിന് ശേഷം മാത്രമെ ഇനി പൊളിക്കല്‍ തുടരാന്‍ അനുവദിക്കൂവെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ നിലപാട്.
ഇതേസമയം മഴക്കാലമെത്തുന്നതിന് മുമ്പ് പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കെഎസ്‌ആര്‍ടിസി ഉന്നതവൃത്തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നുമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നിലപാട്.