കുഞ്ഞിനെ വാഷിംഗ്‌മെഷീനിലിട്ടു കൊന്ന അമ്മ മരിച്ച നിലയില്‍

വ്യാഴം, 6 ജനുവരി 2011 (14:41 IST)
PRO
മൂന്നുമാസങ്ങള്‍ക്കു മുമ്പ് സ്വന്തം മകനെ വാഷിംഗ് മെഷീനില്‍ മുക്കിക്കൊന്നതിന് അറസ്റ്റിലായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല ആയിരംതൈ കാക്കിരിയില്‍ ജോണ്‍ മാര്‍ക്കോസിന്‍റെ ഭാര്യ സുമ(40)യെയാണ് വീടിന് സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്‌മഹത്യയോ അപകടമരണമോ അല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്ന് രാവിലെയാണ് സുമയുടെ മൃതദേഹം എടത്വ പള്ളിത്തോട്ടില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ഒരാള്‍ക്ക് മുങ്ങിമരിക്കാനുള്ള ആഴമില്ല എന്നത് സംശയം ജനിപ്പിക്കുന്നു. വളരെ കുറച്ചുവെള്ളം മാത്രമുള്ള ഇവിടെ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ്. എന്നാല്‍ കാല്‍‌വഴുതി വെള്ളത്തില്‍ വീണാലും മുങ്ങിമരിക്കാനുള്ള ആഴം ഇവിടെയില്ല. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ബുധനാഴ്ച എടത്വയിലെ മാതാവിന്‍റെ കുടുംബ വീട്ടിലെത്തിയതായിരുന്നു സുമ. ചെരുപ്പ്‌ വാങ്ങാനെന്നു പറഞ്ഞാണ് സുമ പുറത്തേക്ക് പോയത്. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചുരിദാറായിരുന്നു സുമ ധരിച്ചിരുന്നത്. ചെരുപ്പും പേഴ്സും തോടിന്‍റെ കരയില്‍ നിന്ന് കണ്ടെത്തി. ഇതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്‌റ്റംബര്‍ 22നാണ്‌ സുമ തന്‍റെ എട്ടുമാസം പ്രായമായ മകന്‍ ഷാരോണിനെ വാഷിംഗ്‌ മെഷീനില്‍ മുക്കി കൊലപ്പെടുത്തിയത്. പിന്നീട് സുമ തന്നെ ഇക്കാര്യം ആലപ്പുഴ വനിതാ പൊലീസ്‌ സെല്ലിലെത്തി അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വാഷിംഗ് മെഷീനില്‍ നിന്ന് ഷാരോണിന്‍റെ മൃതദേഹം ലഭിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സുമയെ ചേര്‍ത്തലയിലെ വീട്ടില്‍ കയറ്റിയിരുന്നില്ല എന്ന് വിവരമുണ്ട്. മാനസിക രോഗത്തിന്‌ ചികിത്‌സയിലായിരുന്നു സുമയെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക