കുഞ്ഞാലിക്കുട്ടിയെ സഹായിച്ചവരില്‍ BJP നേതാവും

Webdunia
തിങ്കള്‍, 31 ജനുവരി 2011 (12:27 IST)
PRO
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് ഊരാന്‍ കുഞ്ഞാലിക്കുട്ടിയെ കോണ്‍‌ഗ്രസ്, സി‌പി‌എം, സി‌പി‌ഐ എന്നീ പാര്‍ട്ടികളിലെ നേതാക്കളും ജഡ്ജിമാരും വരെ സഹായിച്ചുവെന്ന ആരോപണം നിലനില്‍‌ക്കുന്ന സാഹചര്യത്തില്‍ ഇതാ പുതിയൊരു ആരോപണം പുറത്തുവന്നിരിക്കുന്നു. ബിജെപിയിലെ ഉന്നതനും അഭിഭാഷകനുമായ ഒരു നേതാവും കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ രൂപം‌കൊണ്ട പടയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രമുഖ പത്രമായ കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, പാര്‍ട്ടിഭേദമന്യേ എല്ലാവരും കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്.

“ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ അട്ടിമറിക്കുന്നതിന്‌ ആദ്യ ഗൂഢാലോചന നടന്നത്‌ കോഴിക്കോട്ടെ ഒരു നക്ഷത്ര ഹോട്ടലിലാണെന്നും, അതില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയോടൊപ്പം അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഉന്നതനും ബിജെപിയിലെ ഉന്നതനും അഭിഭാഷകനുമായ നേതാവും പങ്കെടുത്തിരുന്നെന്നും വ്യക്തമായി.”

“കേസിന്റെ തുടക്കം മുതലേ തനിച്ചും അല്ലാതെയും സമരം നടത്തിയ ബിജെപിയെ വരുതിയിലാക്കുകയായിരുന്നു ഗൂഢാലോചനയുടെ മുഖ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ ബിജെപിയുടെ സമുന്നതനായ നേതാവ്‌ ഗൂഢാലോചനയില്‍ പങ്കാളിയാവുന്നത്‌. ഇതോടെ ബിജെപി സമരത്തിനും സ്വാഭാവികമായി അന്ത്യം സംഭവിച്ചു. ടി.പി. ദാസന്‍ പ്രതിയായതോടെ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സിപിഎം പോഷക സംഘടനകളും സമരരംഗത്തുനിന്ന്‌ പിന്‍വാങ്ങി. ”

“ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ച്‌ സമരരംഗത്ത്‌ സജീവമായിരുന്ന ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ അന്നത്തെ പ്രമുഖ നേതാവിനെ ഐജി ഓഫീസ്‌ മാര്‍ച്ച്‌ നടത്തിയതിന്റെ പേരില്‍ അഭിഭാഷകനായ നേതാവ്‌ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന്‌ സമരത്തെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നാരോപിച്ച്‌ ബിജെപി നേതാവിനെതിരെ നഗരത്തില്‍ നിറയെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ്‌ സമരത്തിന്‌ അനുകൂല നിലപാടാണ്‌ എടുത്തിരുന്നത്‌. സംസ്ഥാന നേതൃത്വത്തെ ഉപയോഗിച്ച്‌ അദ്ദേഹത്തെയും നിശ്ശബ്‌ദനാക്കുവാന്‍ ഈ നേതാവിന്‌ കഴിഞ്ഞു” - കേരളകൌമുദി എഴുതുന്നു.