കാവ്യാ മാധവന്‍റെ മുന്‍ഭര്‍ത്താവ് വീണ്ടും വിവാഹിതനാകുന്നു

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2013 (17:40 IST)
PRO
നടി കാവ്യ മാധവന്‍റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര വീണ്ടും വിവാഹിതനാകുന്നു. മേയ് 13നാണ് വിവാഹം. മാവേലിക്കര സ്വദേശിനിയാണ് വധു. മാവേലിക്കരയില്‍ വച്ചാണ് വിവാഹം.

കാവ്യാ മാധവനും നിഷാല്‍ ചന്ദ്രയും സംയുക്തമായി വിവാഹമോചനം നേടിയിരുന്നു. കാവ്യ വീണ്ടും വിവാഹിതയാകുമെന്ന് ഇടക്കാലത്ത് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും വിവാഹമല്ല ജീവിതത്തിലെ ഏറ്റവും വലിയ ലക്‍ഷ്യമെന്ന് കാവ്യ പ്രതികരിച്ചു. നിഷാല്‍ ചന്ദ്ര വീണ്ടും വിവാഹിതനാകുന്നതോടെ കാവ്യയുടെ വിവാഹം എന്നുണ്ടാകും എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വീണ്ടും ശക്തമാകുമെന്നുറപ്പ്.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാ മാധവനും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. വിവാഹശേഷം നിഷാലിനൊപ്പം കുവൈറ്റിലായിരുന്നു കാവ്യ താമസിച്ചിരുന്നത്. എന്നാല്‍ അധികം വൈകാതെ കാവ്യയുടെ ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു.

പിന്നീട് കാവ്യ നാട്ടില്‍ തിരിച്ചെത്തുകയും നിഷാലിനെതിരെ സ്ത്രീ പീഡനക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരും ഒത്തുതീര്‍പ്പിലെത്തുകയും സംയുക്ത വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.