കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കികൊണ്ട് ഗതാഗത വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവശ്യമില്ല. നിയമങ്ങള്‍ പലതുമുണ്ടെങ്കിലും ചിലതെല്ലാം പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ല. പിന്‍സീറ്റില്‍ ബെല്‍റ്റിടാതെ യാത്ര ചെയ്യുന്നതിന് കേസെടുക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കുമെതിരെയും കേസെടുക്കേണ്ടിവരും. ഋഷിരാജ് സിംഗ് കൊണ്ടുവന്ന പുതിയ ഉത്തരവ് അപ്രായോഗികമാണെന്ന് കണ്ടതിനാല്‍ അത് പിന്‍വലിക്കുകയാണ് - തിരുവഞ്ചൂര്‍ അറിയിച്ചു.
നിയമസഭയില്‍ കെ ശിവദാസന്‍ നായര്‍ കൊണ്ടുവന്ന സബ്മിഷനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്.