കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പഞ്ചായത്തുതലം വരെയുള്ള ജനപ്രതിനിധികളുടെ യോഗം വിളിക്കും, വിദഗ്ധ സമിതിയെ നിയോഗിക്കും

ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (08:57 IST)
PRO
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായം തയ്യാറാക്കി നല്‍കുന്നതിന് ഉടന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുതലം വരെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായമാണ് സര്‍ക്കാര്‍ ആരായുക. കര്‍ഷക സംഘടനകള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവരുടെ യോഗവും പ്രത്യേകം ചേരും.

റിപ്പോര്‍ട്ടിന്റെ കരട് പ്രസിദ്ധീകരിച്ചാലുടന്‍ അതിന്റെ മലയാള വിവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ എത്തിക്കാനും ജനപ്രതിനിധികള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികള്‍ സര്‍വകക്ഷിയോഗത്തില്‍ നിന്ന് വിട്ടുനിന്നു.

പരിസ്ഥിതി സംരക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണം റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതെന്നും സിപിഐ നേതൃത്വം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് പകരം ജനവിരുദ്ധമായ നിര്‍ദേശങ്ങള്‍ നീക്കി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പിലാക്കണമെന്ന് ബിജെപി വാദിച്ചു.ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി തോട്ടവിള അടക്കമുള്ള കൃഷിക്ക് ചില ഇളവുകള്‍ കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വ്യവസായങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ക്ഷീര വ്യവസായങ്ങളെ ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക