കവി മുല്ലനേഴി വിടപറഞ്ഞു

Webdunia
ശനി, 22 ഒക്‌ടോബര്‍ 2011 (09:54 IST)
PRO
PRO
ഗാനരചയിതാവും നടനും കവിയുമായ മുല്ലനേഴി (63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അറിയുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ആവണിശേരിയിലെ വീട്ടുവളപ്പില്‍.

ഒല്ലൂര്‍ ആവണിശേരിയില്‍ മുല്ലനേഴി മനയിലാണ് മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ ജനനം. ഞാവല്‍‌പ്പഴങ്ങള്‍ എന്ന സിനിമയിലെ ‘കറുകറുത്തൊരു പെണ്ണാണ്’ എന്ന പാട്ടിലൂടെയാണ് മുല്ലനേഴി ജനശ്രദ്ധ നേടിയത്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയ്ക്ക് വേണ്ടിയാണ് അവസാനം പാട്ടെഴുതിയത്. ‘ഇതിലെ ഈ പുഴയും’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

സ്വര്‍ണ്ണപക്ഷികള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സന്മനസുള്ളവര്‍ക്ക് സമാധാനം, മേള, അയനം, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സ്നേഹവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

1977 ല്‍ ഉള്ളൂര്‍ അവര്‍ഡ്, 1989ല്‍ നാലപ്പാടന്‍ അവാര്‍ഡ്, 1995-ലും 2010-ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1981-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വായിക്കുക - 'നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ!’

വായിക്കുക - ‘കറുകറുത്തൊരു പെണ്ണുണ്ടായ കഥ’

( ചിത്രത്തിന് കടപ്പാട് - മുല്ലനേഴി ഡോട്ട് കോം)