കലോത്സവം: കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു

Webdunia
ബുധന്‍, 21 ജനുവരി 2015 (17:46 IST)
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വീണ്ടും ഒരു ഫോട്ടോഫിനിഷ്. അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനൊപ്പം പാലക്കാടും കിരീടം പങ്കുവെച്ചു. ഒമ്പതാം തവണയും കിരീടം നേടിയതോടെ ഹാട്രിക്കില്‍ ഹാട്രിക് തികച്ചിരിക്കുകയാണ് കോഴിക്കോട്.
 
സ്കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് നാലാം തവണയാണ് കിരീടം രണ്ടു ടീമുകള്‍ പങ്കുവെയ്ക്കുന്നത്. ഇരു ടീമുകളും 916 പോയിന്റ് വീതം നേടി.
 
അവസാനഘട്ടമായപ്പോഴേക്കും പലപ്പോഴും പാലക്കാടും കോഴിക്കോടും പലപ്പോഴും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. പാലക്കാടിന്റെയും കോഴിക്കോടിന്റെയും നാല് ഹയര്‍ അപ്പീലുകളും വഞ്ചിപ്പാട്ടിന്റെ ഫലവുമാണ് അന്തിമവിജയം പ്രഖ്യാപിച്ചത്.
 
വഞ്ചിപ്പാട്ട് മത്സരത്തില്‍ പാലക്കാട് ഒരു ടീമുമായി എത്തിയപ്പോള്‍ കോഴിക്കോട് മൂന്നു ടീമുകളുമായാണ് എത്തിയത്. ജില്ലാതലത്തില്‍ വിജയിച്ച ടീമും അപ്പീലുമായി എത്തിയ രണ്ടുടീമുകളും കോഴിക്കോടിനെ പ്രതിനിധീകരിച്ച് വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുത്തു. പാലക്കാടിന് ഒരു എ ഗ്രേഡും കോഴിക്കോടിന് രണ്ട് എ ഗ്രേഡും ഈ വിഭാഗത്തില്‍ ലഭിച്ചു.
 
അവസാനദിവസമായ ബുധനാഴ്ച നടന്ന മത്സരങ്ങളുടെ ഫലമാണ് കോഴിക്കോടിന് മുന്നേറ്റം സമ്മാനിച്ചത്. രാവിലെ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതും ഉറുദു പ്രസംഗത്തിലെ അനുകൂലമായ വിധിനിര്‍ണയവും കോഴിക്കോടിനെ മുന്നോട്ടു നയിച്ചു.