കലാമണ്ഡലം കേശവന്‍ അന്തരിച്ചു

ശനി, 25 ഏപ്രില്‍ 2009 (10:04 IST)
കൊച്ചി: കഥകളി, ചെണ്ട വിദ്വാനും അഭിനേതാവുമായിരുന്ന കലാമണ്ഡലം കേശവന്‍ (76) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. ഏതാനും മലയാള സിനിമയിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ രണ്ടു ദിവസമായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംസ്കാ‍രം ഞായറാഴ്ച എറണാകുളം ഇടപ്പള്ളിയിലെ വസതിയില്‍ നടക്കും.

1936 മെയ് പതിനെട്ടിനാണ് പൊന്നാനി പെരിങ്ങോട്ട്‌ നീട്ടിയത്തു വീട്ടില്‍ കേശവന്‍ ജനിച്ചത്. ഒമ്പതാം വയസ് മുതല്‍ കേശവന്‍ കഥകളി അഭ്യസിച്ചുതുടങ്ങി. ദാരിദ്ര്യം മുണ്ടുമുറുക്കിയുടുക്കാന്‍ പഠിപ്പിച്ച ബാല്യകാലത്തില്‍ നിന്നാണ് കേശവന്‍ എന്ന കലാകാരന്‍റെ ജനനം.

അമ്മാവന്‍ നീട്ടിയത്ത്‌ ഗോവിന്ദന്‍ നായരില്‍ നിന്ന് ചെണ്ടയുടെ ബാലപാഠങ്ങള്‍ വശമാക്കിയ കേശവന്‍ സ്കൂളില്‍ ഫീസ്‌ അടയ്ക്കാനായി ക്ഷേത്രങ്ങളിലും കൊട്ടാന്‍ പോയിരുന്നു. പത്താം തരം പാസായതോടെ കലാമണ്ഡലത്തില്‍ ചെണ്ട അഭ്യസിക്കാന്‍ ചേര്‍ന്നതാണ് കേശവന്‍ എന്ന കലാകാരനിലേക്കുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന് വഴിത്തിരിവായത്.

കഥാനായകന്‍ എന്ന സിനിമയിലെ കേശവന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാനപ്രസ്ഥം, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, ഡോ. എന്‍ കെ പിഷാരടി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക