മിമിക്രി കലാകാരനും സിനിമാ നടനുമായ കലാഭവന്‍ സന്തോഷ് അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു സന്തോഷ്. രോഗം മൂര്‍ച്ഛിച്ച സന്തോഷിന്‍റെ രണ്ട് വൃക്കകളും തകരാറിലായി. കൃത്രിമ ശ്വാസത്തിലൂടെയായിരുന്നു സന്തോഷ് കഴിഞ്ഞ രണ്ടാഴ്ചയായി ജീവിച്ചിരുന്നത്. അസുഖം കലശലായിരുന്നപ്പോഴും സന്തോഷ് സിനിമകളില്‍ അഭിനയിച്ചിരുന്നു.
വിനയന്‍റെ ബ്ലാക്ക് ക്യാറ്റ് എന്ന സിനിമയിലാണ് സന്തോഷ് അവസാനം അഭിനയിച്ചത്. സിദ്ദിഖ്-ലാലിന്‍റെ ഫ്രണ്ട്സ് അടക്കം അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യ ചിത്രങ്ങളിലും മുഖം കാണിച്ചു. അവസാന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു സന്തോഷ്. സ്വന്തമായി വീടുപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഭാര്യയും ഒരു മകളുമുണ്ട്. മിമിക്രിയിലും നാടകത്തിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സന്തോഷ്. 1975-ല്‍ നെടുമുടി വേണുവിന്‍റെയും ഫാസിലിന്‍റെയും പ്രോത്സാഹനത്തിലാണ് സന്തോഷ് മിമിക്രി രംഗത്തേക്കു കടന്നുവന്നത്. മുത്തയ്യ, ഗോവിന്ദന്‍കുട്ടി, കെ.പി. ഉമ്മര്‍ എന്നിവരെ അനുകരിക്കുന്നതായിരുന്നു സന്തോഷിന്‍റെ മാസ്റ്റര്‍പീസ്.
1985- ല്‍ കലാഭവനിലെത്തി. 15 വര്‍ഷം കലാഭവനില്‍ തുടര്‍ന്ന സന്തോഷ് അവിടെ ജയാറം, ദിലീപ്, മണി, സൈനുദ്ദീന്‍ എന്നിവര്‍ക്കൊപ്പം നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടണ്ട്. എളമക്കര പള്ളിപ്പറമ്പില്‍ പരേതനായ ഗോപിനാഥിന്‍റെ ആറു മക്കളില്‍ നാലാമനാണ് സന്തോഷ്.