കലാഭവന്‍ മണിക്ക് ശത്രുക്കള്‍ ആരെങ്കിലുമുണ്ടോ? ഇല്ല എന്നാണ് മണിയുടെ ബന്ധുക്കളുടെ അടുത്ത സുഹൃത്തുക്കളുമെല്ലാം പറയുന്നത്. എന്നാല്‍ ആ സാധ്യതകളിലേക്ക് പൊലീസ് ഇപ്പോല്‍ അന്വേഷണം കേന്ദ്രീകരിക്കുകയാണ്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം തൃശൂര്‍ റേഞ്ച് ഐജി സ്ഥിരീകരിച്ചു. അതീവഗൌരവമുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കി.
കീടനാശിനി എങ്ങനെ വന്നു എന്നതില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. കലാഭവന്‍ മണിയെ കൊലപ്പെടുത്താന്‍ ബോധപൂര്‍വം ആരെങ്കിലും മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതാണോ എന്ന് അന്വേഷിക്കുന്നു. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്ന സമയത്തും അതിനുമുമ്പും മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയുമെല്ലാം പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
കലാഭവന്‍ മണിയുടെ ഔട്ട് ഹൌസായ പാഡിയില്‍ വെള്ളിയാഴ്ച വീണ്ടും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. മരണത്തിന്‍റെ തലേദിവസം മണിക്കൊപ്പമുണ്ടായിരുന്ന സാബുമോന്‍, ജാഫര്‍ ഇടുക്കി ഉള്‍പ്പടെയുള്ളവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. മണിയുടെ ഏറ്റവുമടുത്ത സഹായികളായ മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതില്‍ മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് സൂചനയുണ്ട്.
മണിയെ കാണാനെത്തിയ നടന്‍ സാബുമോന്‍ മദ്യപിച്ചിരുന്നതായി മണിയുടെ ഡ്രൈവര്‍ പീറ്റര്‍ മൊഴി നല്‍കി. സാബുവിനെ താനാണ് കൊച്ചിയില്‍ കൊണ്ടുപോയി വിട്ടത്. തിരികെപ്പോകാനായി സാബു തിടുക്കം കാട്ടിയെന്നും ഡ്രൈവര്‍ മൊഴി നല്‍കി. താന്‍ മദ്യപിച്ചിരുന്നില്ലെന്നും മണി മദ്യപിക്കുന്നത് താന്‍ കണ്ടില്ലെന്നുമാണ് സാബു നേരത്തേ പൊലീസിന് മൊഴി നല്‍കിയതും മാധ്യമങ്ങളോട് പറഞ്ഞതും. അതിന് നേരേ വിരുദ്ധമായാണ് ഇപ്പോള്‍ ഡ്രൈവറുടെ മൊഴി വന്നിരിക്കുന്നത്.
മണിയുടെ മുന്‍ ഡ്രൈവര്‍ പ്രദീപില്‍ നിന്നും പൊലീസ് ഇപ്പോള്‍ മൊഴിയെടുത്തു. മൂന്നുമാസം മുമ്പുവരെ മണിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. കലാഭവന്‍ മണിക്ക് സുഹൃത്തുക്കള്‍ മദ്യം എത്തിച്ചിരുന്നതായി മണിയുടെ ഭാര്യ നിമ്മിയും വെളിപ്പെടുത്തിയിട്ടുണ്ട്.
കൂട്ടം കൂടിയിരുന്ന് മദ്യം കഴിച്ചെങ്കിലും മണിയുടെ ശരീരത്തില്‍ മാത്രം മീതൈല്‍ ആല്‍ക്കഹോളിന്‍റെയും കീടനാശിനിയുടെയും അംശം എങ്ങനെ വന്നു എന്നതാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.