കറിയില്‍ ചത്ത അണലിക്കുഞ്ഞ്: മെഡി. കോളേജ് ക്യാന്റീന്‍ പൂട്ടി

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (18:40 IST)
PRO
PRO
തലസ്ഥാന നഗരിയിലെ മെഡിക്കല്‍ കോളേജ് ക്യാന്റീനില്‍ നിന്ന് ലഭിച്ച ഗ്രീന്‍ പീസ് കറിയില്‍ ചത്ത അണലിക്കുഞ്ഞ് കണ്ടതിനെത്തുടര്‍ന്ന് ക്യാന്റീന്‍ പൂട്ടി.

ബുധനാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട മകനു വേണ്ടി ക്യാന്റീനില്‍ നിന്നു വാങ്ങിയ അപ്പത്തിനൊപ്പം ലഭിച്ച ഗ്രീന്‍ പീസ് കറിയിലാണ്‌ ചത്ത അണലിക്കുഞ്ഞിനെ കണ്ടെത്തിയത്. ആര്യനാട് കൈത്തങ്ങര വീട്ടില്‍ ഓമനയ്ക്കാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായത്.

വിവരം ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിക്കാരെ അറിയിക്കുകയും അവര്‍ ഭക്‍ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണുണ്ടായത്. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് ക്രെഡിറ്റ് കോ‍പ്പറേറ്റീവ് സൊസൈറ്റിയാണ്‌ ക്യാന്‍റീന്‍ നടത്തുന്നത്.

ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷം ഭക്ഷണത്തിന്റെ സാമ്പിള്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ക്യാന്‍റീന്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളു എന്നാണറിഞ്ഞത്.

വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസം മുമ്പും ഈ ക്യാന്റീന്‍ പൂട്ടിയിരുന്നു. രണ്ട് മാസം മുമ്പാണ്‌ വീണ്ടും ഇത് തുറന്നത്. സംഭവം അറിഞ്ഞെത്തിയ ജനം ക്യാന്റീനിനു മുന്നില്‍ തടിച്ചുകൂടി സംഘര്‍ഷമുണ്ടാക്കിയിരുന്നു.