കര്‍ഷകന്റെ കണ്ണീര്‍ കാണാന്‍ മോഡി പോയിട്ടില്ലെന്ന് രാഹുല്‍

Webdunia
ബുധന്‍, 27 മെയ് 2015 (08:32 IST)
ലോകരാഷ്‌ട്രങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു കര്‍ഷകന്റെ പോലും കണ്ണീര്‍ കാണാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് കോര്‍പറേറ്റുകളുടെ വീടുപണിക്കാരനായി മോഡി മാറി. പാവപ്പെട്ട കര്‍ഷകന്റെ ഭൂമിയും മത്സ്യത്തൊഴിലാളികളുടെ കടലും തട്ടിയെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്കുന്ന രീതി മോഡി തുടരുകയാണെങ്കില്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.
 
യുവാക്കള്‍ക്ക് നിരവധി പ്രതീക്ഷകള്‍ നല്കിയ മോഡിക്ക് ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്കാന്‍ കഴിഞ്ഞോയെന്നും ഒരു വള്‍ഷം കൊണ്ട് മുപ്പത് ശതമാനം തൊഴിലവസരം കുറഞ്ഞുവെന്നാണ് കണക്കെന്നും രാഹുല്‍ പറഞ്ഞു.
 
യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നതെന്നും രാഹുല്‍ പറഞ്ഞു.