കരിഓയില്‍ : നിയമനടപടികള്‍ തുടരാന്‍ നിര്‍ദ്ദേശം

Webdunia
ബുധന്‍, 14 ജനുവരി 2015 (17:19 IST)
കരിഓയില്‍ കേസില്‍ നിയമനടപടികള്‍ തുടരാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കുമെതിരെ കേസ് തുടരാനാണ് നിര്‍ദ്ദേശം. ആഭ്യന്തരസെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കിയത്.
 
നേരത്തെ കരിഓയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍  ഐ എ എസ് അസോസിയേഷനും പ്രതിപക്ഷ സംഘടനകളും ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 
 
2012 ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു സംഘം കെ എസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറായിരുന്ന കേശവേന്ദ്ര കുമാറിനുമേല്‍ കരിഓയില്‍ ഒഴിച്ചത്. പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാണ് ഡയറക്‌ടറുടെ മേല്‍ കരിഓയില്‍ ഒഴിക്കുന്നതില്‍ കലാശിച്ചത്.
 
കെ എസ് യു തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നുറുദ്ദീന്‍ ഉള്‍പ്പെടെ എട്ടു പേരായിരുന്നു കേസിലെ പ്രതികള്‍ .താന്‍ ആഭ്യന്തരമന്ത്രിയായ കാലത്തല്ല കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം 
പറഞ്ഞിരുന്നു.
 
കേസില്‍ ബാഹ്യസമ്മര്‍ദ്ദമില്ലെന്നും കേസ് പിന്‍വലിക്കാനുള്ള തീരുമാനം നല്ല ഉദ്ദേശത്തോടെ എടുത്തതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസിലെ നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം സ്വാഗതാര്‍ഹമെന്ന് കേശവേന്ദ്ര കുമാര്‍ പ്രതികരിച്ചു.