കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ്

Webdunia
വ്യാഴം, 31 ജനുവരി 2008 (17:14 IST)
പൈപ്പ് ലൈന്‍ റോഡുകളിലെ അനധികൃത നിര്‍മ്മാണം തടയുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും വാട്ടര്‍ അതോറിറ്റിക്ക് അധികാരം നല്‍കി‌ക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

1986 ലെ വാട്ടര്‍ സപ്ലൈ ആക്ട് അനുസരിച്ചുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സാണ് ഇത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ റോഡുകള്‍ കയ്യേറിയിരിക്കുന്നത് ഒഴിപ്പിക്കുന്നതിനുള്ള ചെലവ് കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കും. വേനല്‍ക്കാലത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ തിരുവനന്തപുരത്ത് അറിയിച്ചതാണിത്. വാട്ടര്‍ മീറ്ററില്‍ കൃത്രിമത്വം കാണിക്കല്‍, ജല മോഷണം നടത്തല്‍, ജലവിതരണ ശ്രംഖലയില്‍ നാശനഷ്ടം വരുത്തുക എന്നിവ ഗുരുതരമായ കുറ്റമായി ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ ചെയ്യുന്ന ഇത്തരം കുറ്റത്തിന് ആദ്യം പതിനായിരം രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ആറുമാസം തടവും 25,000 രൂപ വരെ പിഴയും ഈടാക്കും. കുറ്റം ചെയ്യുന്നത് ഗാര്‍ഹികേതര ഉപഭോക്താക്കളാണെങ്കില്‍ 25000 രൂപ ആദ്യം പിഴയായി ഈടാക്കും.

തുടര്‍ കുറ്റത്തിന് രണ്ടു വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.