കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

ചൊവ്വ, 21 ഫെബ്രുവരി 2012 (10:32 IST)
കണ്ണൂരില്‍ ഹര്‍ത്താലിനിടെ വീണ്ടും അക്രമം. തിങ്കളാഴ്ച സംഘര്‍ഷമുണ്ടായ തളിപ്പറമ്പ് അരിയില്‍ ഇന്ന് രാവിലെ ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മോഹനന്‍ എന്ന പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.

സി പി എം-ലീഗ് സംഘര്‍ഷമാണ് ഹര്‍ത്താലിലേക്ക് നയിച്ചത്. തിങ്കളാഴ്ച സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി പി എം പ്രവര്‍ത്തകരെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ഈ സംഭവത്തിന് തൊട്ടുപിന്നാലെ കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ ലീഗ് പ്രവര്‍ത്തകനും എം എസ് എഫ് നേതാവുമായ പുതിയാറമ്പത്ത് ഷുക്കൂര്‍(25) വെട്ടേറ്റ് മരിക്കുകയും ചെയ്തു. സി പി എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ലീഗ് ആരോപിക്കുന്നത്.

കണ്ണൂര്‍ ടൌണ്‍, സിറ്റി, തളിപ്പറമ്പ്, വളപട്ടണം, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ മൂന്ന് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക