കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ റെയ്ഡ്: 21 പേര്‍ പിടിയില്‍

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2013 (14:25 IST)
PRO
PRO
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 21 പേരെ കസ്റ്റഡിയിലെടുത്തു. നാറാത്ത് പള്ളിയ്ക്ക് സമീപമുള്ള കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. ബോംബും വടിവാളുകളും ഇവിടെ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലായവരെ വളപട്ടണം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു റെയ്ഡ്.

ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെഅടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപരിചിതരായ ആളുകള്‍ ഇവിടെ വന്നുപോകുന്നതായി നാളുകളായി ആളുകള്‍ പരാതിപ്പെട്ടിരുന്നു.

രഹസ്യകേന്ദ്രത്തില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശീലിപ്പിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മരത്തില്‍ നിര്‍മ്മിച്ച ഒരു മനുഷ്യരൂപം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെടിവയ്ക്കാന്‍ പരിശീലിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിച്ചത് എന്നാണ് നിഗമനം.

ഇറാന്റെ ഐഡി കാര്‍ഡ് കൈവശം വച്ച ഒരാള്‍ പിടിയിലായ സംഘത്തിലുണ്ട്. നിരവധി ലഘുലേഖകളും മറ്റും കേന്ദ്രത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.