കണമല അപകടം: കളക്‌ടര്‍ പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Webdunia
ബുധന്‍, 13 ജനുവരി 2010 (09:00 IST)
PRO
PRO
കണമലയില്‍ ലോറിമറിഞ്ഞ് 11 പേര്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം ജില്ലാ കളക്‌ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബ്രേക്ക് തകരാറ് മൂലം നിയന്ത്രണം വിട്ട ലോറി മണല്‍ത്തിട്ടയില്‍ ഇടിഞ്ഞാണ് അപകടമുണ്ടായതെന്നാണ് കളക്‌ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അപകടത്തില്‍ മരിച്ച 11 തീര്‍ത്ഥാടകരുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വിസ്‌റ്റ് പൂര്‍ത്തിയാക്കി പോസ്‌റ്റുമോര്‍ട്ടം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് എരുമേലിക്കടുത്ത് കണമലയില്‍ ലോറി മറിഞ്ഞ് 11 തീര്‍ത്ഥാടകര്‍ മരിച്ചത്. ആന്ധ്രയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്‍ ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ലോറിയുടെ പ്ലാറ്റ് ഫോമില്‍ മണല്‍ച്ചാക്കുകള്‍ നിറച്ച ശേഷം അതിനു മുകളിലാണ് തീര്‍ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ മണല്‍ച്ചാക്കുകള്‍ക്ക് അടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ആറു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണമലയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 ആന്ധ്രാ സ്വദേശികള്‍ മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്‍ നിന്ന് 250 മീറ്റര്‍ മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്.