മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുത്തരവ് വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന സ്ഥിതിയിലാണ്. എന്നാല്‍ രാജിയൊഴിവാക്കാനുള്ള സര്‍വ്വ അടവുകളും പ്രയോഗിക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
കോടതി ഉത്തരവിനെതിരെ സ്റ്റേ സമ്പാദിക്കാനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഉമ്മന്‍ചാണ്ടി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെ ബാബുവിനെതിരെ എഫ് ഐ ആര്‍ എടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിന് സ്റ്റേ ലഭിച്ചത് മുഖ്യമന്ത്രിക്ക് പ്രതിസന്ധിഘട്ടത്തില്‍ ലഭിച്ച ഓക്സിജനായി മാറുകയാണ്.
ബാബുവിന് അനുകൂലമായി ഉണ്ടായ കോടതിവിധി ഉമ്മന്‍ചാണ്ടിക്കും പിടിവള്ളിയായി. അതുകൊണ്ടുതന്നെ കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതുവരെ രാജിക്ക് മുഖ്യമന്ത്രി തയ്യാറാകില്ല. മാത്രമല്ല, തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കൂട്ടായ ആക്രമണത്തിന് എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുകയും ചെയ്യുന്നു. ‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം’ എന്ന കോടതി പരാമര്‍ശത്തിനെതിരെ ടി സിദ്ദിക്ക് ഉള്‍പ്പടെയുള്ളവര്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്.
അതിനിടെ, മുഖ്യമന്ത്രിയെ വീഴ്ത്താന്‍ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. നേതൃമാറ്റം വേണം, അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിടണം എന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്താനൊരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹൈക്കമാന്‍ഡിനെ തന്നെ സമീപിക്കാനാണ് ഐ ഗ്രൂപ്പ് ആലോചിക്കുന്നത്. ആലപ്പുഴയിലെ പരിപാടികളെല്ലാം റദ്ദാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കും.
ഹൈക്കമാന്‍ഡിന്‍റെ നിലപാട് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിര്‍ണായകമാകും. എ കെ ആന്‍റണിയുമായും മുകുള്‍ വാസ്നിക്കുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.