ഒമ്പതാം ക്ലാസുകാരിയായ മകളെ പലിശക്കാരന് വിവാഹം കഴിപ്പിച്ച് നല്കിയിട്ടില്ലെന്ന് കുട്ടിയുടെ അമ്മ. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അസുഖബാധിതയായ മകളെ ചികിത്സാര്‍ത്ഥമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടു വന്നതെന്നും അമ്മ പറഞ്ഞു.
പൊലീസിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ കണ്ണനുമായി സ്വത്തു തര്‍ക്കമുണ്ടെന്നും അതിന്റെ പ്രതികാരമായിട്ടാണ് പിതൃസഹോദരന്‍ കള്ളവാര്‍ത്ത പ്രചരിപ്പിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പലിശക്കാരന് കല്യാണം കഴിച്ചു കൊടുത്തു എന്ന വാര്‍ത്ത വിവാദമായിരുന്നു.
നെടുങ്കണ്ടം സെന്റ് സെബാസ്ത്യന്‍സ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് അച്ഛനമ്മമാരായ തിരുപ്പതിയും കൃഷ്ണവേണിയും തമിഴ്‌നാട് തേനി ജില്ലയിലെ വീരപാണ്ടി പൂമലതുണ്ട് സ്വദേശിയായ സെല്‍വരാജിനു കല്യാണം കഴിച്ചു കൊടുത്തെന്നായിരുന്നു വാര്‍ത്ത.
പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ കണ്ണനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയത്.