മഹിജ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണും

ബുധന്‍, 12 ഏപ്രില്‍ 2017 (07:59 IST)
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക്  ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി. രാവിലെ പത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ വിവരം ഡോക്ടർ മുഖേന മഹിജയെ അറിയിച്ചിട്ടുണ്ട്. 
 
മഹിജയും ബന്ധുക്കളും ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ  മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൂടിക്കാഴ്ചക്ക് അനുമതിനൽകിയത്.
 
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ, അമ്മാവൻ ശ്രീജിത്ത് എന്നിവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മഹിജയെ പേവാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അതേസമയം പൂർണമായി ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടില്ല. ഇതുമൂലമുള്ള ബുദ്ധിമുട്ടുകളാണ് അവശേഷിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

വെബ്ദുനിയ വായിക്കുക