ഒഞ്ചിയത്ത് കുലംകുത്തികള്‍ ഭരണത്തിലേക്ക്

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2010 (15:56 IST)
ഇടതുപക്ഷ മുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഒഞ്ചിയത്ത് പിണറായിയുടെ ‘കുലംകുത്തികള്‍’ വിജയത്തിലേക്ക്. ഓഞ്ചിയത്ത് സി പി എം വിമതര്‍ ആയ റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുകയാണ്. ഒഞ്ചിയത്ത് സി പി എം വിമതര്‍ ഒത്തുചേര്‍ന്ന് റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവരെ കുലംകുത്തികള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.

ഫലമറിഞ്ഞ എട്ടു വാര്‍ഡുകളില്‍ ആറിടങ്ങളില്‍ സി പി എം വിമതര്‍ വിജയിച്ചു. രണ്ടിടങ്ങളില്‍ സി പി എം വിജയം കണ്ടിട്ടുണ്ട്. ഒഞ്ചിയത്ത് പരാജയം അറിഞ്ഞവരില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ആര്‍ ഗോപാലനും ഉള്‍പ്പെടുന്നു. ഒഞ്ചിയത്തെ വിമത ഇഫക്ട് സമീപ പഞ്ചായത്തുകളിലും ദൃശ്യമാണ്.

ഒഞ്ചിയം പഞ്ചായത്തില്‍ പത്താംവാര്‍ഡില്‍ സി പി എം വിമത സ്ഥാനാര്‍ത്ഥി നാല് വോട്ടിന് ആണ് വിജയിച്ചത്. ഇതിനിടെ ഫലമറിഞ്ഞ ഏറാമലയിലും അഴിയൂരിലും യു ഡി എഫ് മുന്നിലാണ്. ഏറാമലയില്‍ ഒരു വാര്‍ഡില്‍ വിമതസ്ഥാനാര്‍ത്ഥി ജയിച്ചിട്ടുണ്ട്. ഇവിടെ ഇടതുമുന്നണിക്ക് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല.

ചോറോട് പഞ്ചായത്തില്‍ ഫലമറിഞ്ഞ ഏഴിടങ്ങളില്‍ യു ഡി എഫ് മൂന്നിടത്തും എല്‍ ഡി എഫ് മൂന്നിടത്തും റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരിടത്തും വിജയിച്ചിട്ടുണ്ട്. അതേസമയം, ഒഞ്ചിയം ഉള്‍പ്പെടെയുള്ള ബ്ലോക്ക് ഡിവിഷനുകളില്‍ സി പി എമ്മിനാണ് വിജയം. ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന വേളത്ത് യു ഡി എഫ് മുന്നേറുകയാണ്.