''ഞങ്ങൾക്ക് മലയാളം പഠിക്കണം'', മുഖ്യമന്ത്രിയോട് വിദ്യാർത്ഥികളുടെ അപേക്ഷ

തിങ്കള്‍, 3 ഏപ്രില്‍ 2017 (08:31 IST)
എല്ലാ തരത്തിലും കേരളത്തിന്റെ ഒരറ്റത്തു നിൽക്കുന്ന കാസർഗോഡിന്റെ പ്രശ്നങ്ങൾ പലപ്പോഴും അധികാരികൾ കാണാറില്ല. പ്രശ്നങ്ങൾക്ക് ഫലം ഉണ്ടാകാതിരിക്കുമ്പോ‌ൾ ആ ജില്ലക്കാർ ചോദിയ്ക്കാറുണ്ട് 'കാസര്‍ഗോഡ് എന്താ കേരളത്തിലല്ലേ?'. അതേ ചോദ്യം ആവർത്തിച്ചിരിയ്ക്കുകയാണ് കാസർഗോഡുള്ള വിദ്യാർത്ഥികൾ.
 
ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരത്തിലാണ്. അവരുടെ സമരം മലയാളം പഠിക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ വേണ്ടിയാണ്. വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്ത് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
 
“ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, സര്‍, ഞാന്‍ ബണ്‍പത്തടുക്ക സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. എനിക്ക് മലയാളം പഠിക്കണം. മലയാളം പഠിക്കണമെങ്കില്‍ ഇവിടെ ടീച്ചര്‍മാര്‍ വേണം. മലയാളം സ്‌കൂള്‍ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.’’. ഇതായിരുന്നു കത്ത്.
 
2007ൽ ഇവിടെ മലയാളം അധ്യാപകരെ നിയമിച്ചെങ്കിലും പിന്നീട് അധ്യാപകരെ പിരിച്ചു വിടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ വിദ്യാലയം ആദായകരമല്ലെന്നു കാണിച്ചാണ് 42 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ മലയാളം അധ്യാപികമാരെ പിരിച്ചുവിടുന്നത്. മലയാളം അധ്യാപികമാരെ പിരിച്ചുവിട്ടതിനു പിന്നാലെ രണ്ട് കന്നഡ അധ്യാപകരെ നിയമിച്ചതായും പരാതിയുണ്ട്. 
 
മാതൃഭാഷാപഠനം മൗലികാവകാശമായിരിക്കെത്തന്നെയാണ് മലയാളം പഠിക്കാന്‍ വേണ്ടി കുട്ടികള്‍ സമരം ചെയ്യുന്നത്. ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ മലയാളഭാഷ പഠിക്കാനാഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വേണ്ട നടപടികൾ സ്വീകരിയ്ക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികൾ. 

വെബ്ദുനിയ വായിക്കുക