എന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് ഗണേഷ്: ബിജു രാധാകൃഷ്ണന്‍

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (21:12 IST)
PRO
തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് മുന്‍ മന്ത്രി ഗണേഷ്കുമാറാണെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ജയിലില്‍ നിന്ന് ബിജു അഭിഭാഷകന്‍ വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഗണേഷ്കുമാറിനെതിരെ ആഞ്ഞടിക്കുന്നത്. തനിക്ക് ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ വ്യക്തമാക്കുന്നു.

ഗണേഷ്കുമാറും ടെനി ജോപ്പനുമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ബിജു രാധാകൃഷ്ണന്‍ മൂന്ന് പാരാഗ്രാഫുള്ള കത്തില്‍ പറയുന്നത്. ശാലു മേനോന്‍ നിരപരാധിയാണെന്നും തന്നെ സ്നേഹിച്ചത് മാത്രമാണ് അവര്‍ ചെയ്ത കുറ്റമെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ വെളിപ്പെടുത്തുന്നു.

ശാലുമേനോന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും ബിജു കത്തില്‍ പറയുന്നു. തന്നെ സഹായിക്കാന്‍ ഇപ്പോള്‍ ആരുമില്ല. വി എസ്, പി സി ജോര്‍ജ്, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നവര്‍ സ്വയം ചിന്തിക്കണം. തനിക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.