ഇതൊക്കെ വർഗ്ഗീയതയാണെങ്കിൽ ഇനി മതേതരമാകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (15:08 IST)
മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വർഗ്ഗീയതയെങ്കിൽ മതേതരമാവാൻ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് ഫിറോസ് ചോദിയ്ക്കുന്നു.
 
ഫിറോസിന്റെ വാക്കുകളിലൂടെ:
 
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രീ.കൊടിയേരി ബാലകൃഷ്ണൻ മുതൽ ചെറിയാൻ ഫിലിപ്പ് വരെയുള്ളവർ നടത്തിയ പ്രസ്താവനകൾ മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ് . വടക്കേ ഇന്ത്യയിൽ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തിൽ പോലും മുസ്‌ലിംകൾക്ക് സ്വത്വ പ്രതിസന്ധിയുണ്ട്. ദേശീയ തലത്തിൽ പലപ്പോഴും തങ്ങളുടെ രാജ്യസ്നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കിൽ എകെ ആൻറണിയെ മലപ്പുറത്ത് കൊണ്ട് വന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നത്. 
 
അങ്ങിനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ മലപ്പുറത്തുകാർ എന്ത് പറയുമായിരുന്നു എന്നാണ് ഞാനാലോചിക്കുന്നത്. രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വർഗ്ഗീയതയെങ്കിൽ മതേതരമാവാൻ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവർ ഒന്ന് പറഞ്ഞ് തന്നാലും..
Next Article