എം എ ബേബി രാജിക്ക്, പാര്‍ട്ടി വഴങ്ങുമോ?

Webdunia
ശനി, 24 മെയ് 2014 (15:40 IST)
സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കുണ്ടറ എം എല്‍ എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നതായി സൂചന. രാജിവയ്ക്കുന്നതാണ് ധാര്‍മ്മികതയെന്ന് തനിക്ക് തോന്നുന്നതായി ബേബി തുറന്നുപറഞ്ഞു.
 
തന്‍റെ അഭിപ്രായം സി പി എം നേതൃത്വത്തെ ബേബി അറിയിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോയിലും ഈ അഭിപ്രായം അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് ബേബി വ്യക്തമാക്കിയിരിക്കുന്നത്.
 
തിരുത്തലിന്‍റെ പേരില്‍ തനിയാവര്‍ത്തനങ്ങള്‍ പോരാ അസാധാരണ മാറ്റങ്ങള്‍ വേണമെന്നും എം എ ബേബി പറഞ്ഞു. 
 
രാജിസന്നദ്ധത ഞാന്‍ അറിയിച്ചതുകൊണ്ടാണ് പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്തത്. പ്രായോഗികതയേക്കാള്‍ ധാര്‍മ്മികതയുടെ പക്ഷത്താണ് ഞാന്‍. ഇക്കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും - മനോരമ ന്യൂസിന്‍റെ ‘നേരേ ചൊവ്വേ’യില്‍ സംസാരിക്കുകയായിരുന്നു എം എ ബേബി.
 
പിണറായി വിജയന്‍റെ ‘പരനാറി’ പ്രയോഗം കൊല്ലത്തെ പരാജയത്തിന് കാരണമായതായി കരുതുന്നില്ലെന്നും ആ പ്രയോഗം അബദ്ധമായിരുന്നില്ലെന്നും പിണറായി ബോധപൂര്‍വം പറഞ്ഞതാണെന്നും എം എ ബേബി പറഞ്ഞു.
 
അതേസമയം, എം എ ബേബിയുടെ കൊല്ലത്തെ പരാജയത്തില്‍ ധാര്‍മ്മികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്ന് പി രാജേന്ദ്രന്‍ പറഞ്ഞു.