എംവിആര്‍ ഇടതുപക്ഷത്തേക്ക് മടങ്ങുമോ?

വെള്ളി, 1 മാര്‍ച്ച് 2013 (16:26 IST)
PRO
PRO
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വിവാദം സജീവമായ സാഹചര്യത്തില്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ എം വി രാഘവന്‍ തയാറാകുമോ? രാഷ്ട്രീയകേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഈ ചോദ്യമാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിഎംപി നേതാവ് എം വി രാഘവന് വ്യക്തമാക്കിയ സാഹചര്യത്തില്‍ സാധ്യതകളേറെയാണ്. ഏതെങ്കിലും പാര്‍ട്ടില്‍ ലയിക്കാന്‍ സിഎംപി തയ്യാറല്ല. എന്നാല്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം ആവശ്യമാണ്. ഇടതുപാര്‍ട്ടികള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അതിനെ പിന്തുണക്കും. എല്‍ഡിഎഫ് നേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും എം വി രാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് അഞ്ചിന് ചേരുന്ന സിഎംപി യോഗം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും. എന്നാല്‍ ഔദ്യോഗിക പാര്‍ട്ടി നിലപാടായി ഇത് പ്രഖ്യാപിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്ന് സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു.

ഇടതുമുന്നണി വിട്ടവര്‍ മടങ്ങിവരുന്നതിനോട് തുറന്ന സമീപനമാണുള്ളതെന്ന സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നതായി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കാരാട്ടിന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ടെന്നും ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക