ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു, 10 കോടി വാഗ്ദാനം ചെയ്തയാള്‍ കമ്യൂണിസ്റ്റുകാരനാണോ എന്ന് സരിതയ്ക്കുപോലും അറിയില്ല, ജയരാജന്‍ പറഞ്ഞെന്നും പറഞ്ഞ് ആരോ ഒരാള്‍ വന്നുകണ്ടുവെന്ന് സരിത!
സര്‍ക്കാരിനെതിരെ മൊഴി നല്‍കിയാല്‍ 10 കോടി രൂപ നല്‍കാമെന്ന് സി പി എം നേതാവ് ഇ പി ജയരാജന്‍ സരിതയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നതില്‍ സത്യമില്ലെന്ന് തെളിയുന്നു. തന്നെ കാണാന്‍ വന്നത് കമ്യൂണിസ്റ്റുകാരനാണോ എന്ന കാര്യത്തില്‍ പോലും ഉറപ്പില്ലെന്നാണ് സരിത ഇപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
സരിത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇ പി ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം നടത്തിയെന്ന് പറഞ്ഞിരുന്നു എന്നത് ഉയര്‍ത്തിക്കാട്ടിയായിരുന്നു സരിതയുടെയും സി പി എമ്മിന്‍റെയും ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചിരുന്നത്. എന്നാല്‍ താന്‍ നല്‍കിയ ആ അഭിമുഖത്തിന്‍റെ സത്യാവസ്ഥ സരിത തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രശാന്ത് എന്നൊരാളാണ് തന്നെ കാണാന്‍ വന്നത്. ഇ പി ജയരാജന്‍ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവങ്ങള്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞാല്‍ 10 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അയാള്‍ കമ്യൂണിസ്റ്റുകാരനാണോ എന്ന് അറിയില്ല. താന്‍ അന്ന് യു ഡി എഫിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ പുതിയ വാഗ്ദാനത്തെക്കുറിച്ചോ വാഗ്ദാനം നല്‍കിയ ആളെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചില്ല - സരിത വ്യക്തമാക്കി.
സരിതയെ ഇന്ന് ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം നടത്തി. അതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സരിത താന്‍ നല്‍കിയ അഭിമുഖത്തിന്‍റെ സത്യാവസ്ഥ വിശദീകരിച്ചത്.